കുവൈത്ത് സിറ്റി: സിവിൽ സർവീസ് കൗൺസിൽ റെസല്യൂഷൻ അനുസരിച്ച് എല്ലാ സർക്കാർ ഏജൻസികളിലും തങ്ങളുടെ റീപ്ലേസ്‌മെന്റ് നയം നടപ്പിലാക്കുന്നത് തുടര്‍ന്ന് സിവിൽ സർവീസ് കമ്മീഷൻ. ഈ നയത്തിന്റെ ഭാഗമായി അപൂർവമല്ലാത്ത തസ്തികകൾ വഹിക്കുന്ന കുവൈത്ത് പൗരന്മാരല്ലാത്ത ജീവനക്കാരുടെ കരാറുകൾ പുതുക്കില്ല. അപൂർവമല്ലാത്ത തസ്തികയിലുള്ള ഏതൊരു കുവൈത്തി പൗരനല്ലാത്ത ജീവനക്കാരന്റെയും കരാർ ഈ മാസം 31-ന് ശേഷം പുതുക്കില്ല എന്നാണ് പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്ത് പൗരന്മാരല്ലാത്ത ജീവനക്കാരുടെ ശേഷിക്കുന്ന എണ്ണം പരിമിതമാണ്. നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിവിൽ സര്‍വീസ് കമ്മീഷൻ ഈ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നത് തുടരുന്നുണ്ട്. കേന്ദ്ര തൊഴിൽ പദ്ധതിയിൽ പറഞ്ഞിട്ടുള്ള നിയമന സംവിധാനമനുസരിച്ച് യോഗ്യരായ കുവൈത്തി പൗരന്മാരെ തസ്തികകളിൽ നിയമിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായി നടപടികൾ സ്വീകരിക്കുന്നുണ്ട്. കൂടുതൽ സന്തുലിതമായ ഒരു തൊഴിൽ ശക്തി കൈവരിക്കാനും തൊഴിൽ വിപണിയിൽ കുവൈത്തി പൗരന്മാരുടെ പങ്ക് കൂടുതൽ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യം.