കുവൈത്ത് സിറ്റി: വിദഗ്ധ വാഹന മോഷണത്തിൽ ഏർപ്പെട്ടിരുന്ന ആറ് ഈജിപ്ഷ്യൻ പൗരന്മാരുടെ ഒരു സംഘം പിടിയിൽ. വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച് സൽമി സ്ക്രാപ്‌യാർഡിലെ ഒരു ഗാരേജിലേക്ക് കൊണ്ടുപോകുന്നതാണ് സംഘത്തിന്‍റെ രീതി. മോഷ്ടിച്ച വാഹനങ്ങളുടെ ഭാഗങ്ങൾ വേർതിരിച്ച് വിൽക്കുകയാണ് പതിവ്. കുറ്റകൃത്യങ്ങളുടെ തെളിവുകൾ നശിപ്പിക്കാൻ, വാഹനങ്ങളുടെ ബാക്കി ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്യും. വാഹന മോഷണത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഒരു സംഘത്തിന്‍റെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഡിറ്റക്ടീവുകൾ വിശദമായ അന്വേഷണം നടത്തുകയും, പ്രതികളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്തു. നിരവധി മോഷ്ടിച്ച വാഹനങ്ങളും വിവിധ സ്പെയർ പാർട്സുകളും അവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സംഘം പ്രധാനമായും രാത്രി വൈകിയാണ് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി.