കുവൈത്ത് സിറ്റി: വഫ്രയിൽ കലാഷ്നികോവ് റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ നൽകിയ അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിക്ക് തന്‍റെ പ്രവൃത്തികളെക്കുറിച്ച് പൂർണ്ണ ബോധമുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മാനസികാരോഗ്യ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ മനഃപൂർവമുള്ള കൊലപാതകത്തിന് കുറ്റം ചുമത്തിയിരുന്നു. അവരെ കൊല്ലാൻ ഉദ്ദേശിച്ച് അയാൾ പലതവണ വെടിയുതിർത്തപ്പോൾ ഭാര്യയും മകളും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വെടിയുണ്ടകൾ ഭാര്യാമാതാവിന് ഏൽക്കുകയും അത് അവരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. അന്വേഷണത്തിൽ ഭര്‍ത്താവുമായി നിരന്തരമാ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അയാൾ തന്നെ ഉപദ്രവിക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുള്ള ഭാര്യയുടെ മൊഴിയും കേസിൽ നിർണായകമായി.