കുവൈത്ത് സിറ്റി: അബു ഹലീഫ മേഖലയിൽ വീട്ടിൽ നിർമ്മിച്ച മദ്യം കൈവശം വെച്ചതിന് അഹ്മദി ഡിറ്റക്ടീവുകൾ ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്ന് 21 കുപ്പി മദ്യം കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിവ് പട്രോളിംഗിനിടെ ഡിറ്റക്ടീവുകൾക്ക് ഒരു വാഹനത്തിൽ സംശയം തോന്നി. ഉദ്യോഗസ്ഥർ വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്തുടർന്ന് ഉടൻതന്നെ പിടികൂടുകയായിരുന്നു. പിടിയിലായയാൾ ഒരു പ്രവാസിയാണെന്ന് തിരിച്ചറിഞ്ഞു.വാഹനത്തിൽ നടത്തിയ പരിശോധനയിൽ 21 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ഇയാളെ നാടുകടത്താനുള്ള നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.