തണുത്തുറഞ്ഞ പ്രതലത്തിലൂടെ ഒഴുകി നീങ്ങുന്ന തിളച്ചു മറിയുന്ന ലാവ, പുകമേഘങ്ങള്‍ മൂടിയ അന്തരീക്ഷം… നാസ പകര്‍ത്തിയ ഐസ്‌ലാന്‍ഡിലെ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബ്ലൂ ലഗൂണിനടുത്തുള്ള റോഡുകളിലൂടെയും ലാവ ഒഴുകിനീങ്ങുന്ന ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്.
നവംബര്‍ 24-ന് OLI-2 പകര്‍ത്തിയതാണ് ചിത്രം. ഐസ്‌ലാന്‍ഡിലെ റെയ്ക്ജാനിസ് മേഖലയിലെ സുന്‍ധുന്‍കുര്‍ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. മേഖലയില്‍ ഈ വര്‍ഷമുണ്ടാകുന്ന ഏഴാമത്തെ അഗ്നിപര്‍വത സ്‌ഫോടനമാണിത്. സ്‌ഫോടനം മൂലം മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ലെന്നും വിമാന സര്‍വീസുകളെ ഉള്‍പ്പടെ ബാധിച്ചില്ലെന്നും നാസ അറിയിച്ചു.
അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പിന് പിന്നാലെ പ്രദേശത്തെ അമ്പതോളം വീടുകളില്‍ നിന്നായി നാലായിരത്തോളം താമസക്കാരെ ഒഴിപ്പിച്ചിരുന്നു. ഇതിന് മുമ്പുണ്ടായ ലാവ പ്രവാഹം പോലെയായിരുന്നില്ല ഇത്തവണത്തേതെന്നും, കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നുവെന്നും ഐസ്‌ലാന്‍ഡ് മെറ്റീരിയോളജിക്കല്‍ ഓഫീസ് അറിയിച്ചു.