Google search engine

ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്‍റെ ഫോണ്‍ ഡിസ്‌പ്ലെകളില്‍ പച്ചയും നീലയും അടക്കമുള്ള നിറങ്ങളില്‍ വരകള്‍ (ഗ്രീന്‍ ലൈന്‍ എന്ന് പൊതുവെ അറിയപ്പെടുന്നു) പ്രത്യക്ഷപ്പെടുന്നത് അനവധി ഉപഭോക്താക്കള്‍ക്കുള്ള പരാതിയാണ്. ഇതിന് പരിഹാര മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വണ്‍പ്ലസ് കമ്പനിയെന്ന് ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്തു. സൗകര്യങ്ങളില്‍ മികച്ചതെങ്കിലും ഫോണ്‍ ഡിസ്‌പ്ലെയിലെ പ്രശ്‌നങ്ങള്‍ വണ്‍പ്ലസ് നാളുകളായി ഉപഭോക്താക്കളില്‍ നിന്ന് നേരിടുന്ന വ്യാപക പരാതിയാണ്. ഉപയോഗിച്ച് കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ സ്ക്രീനില്‍ പച്ചയും നീലയും നിറങ്ങളിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നതാണ് സങ്കീര്‍ണമായ പ്രശ്‌നം. ഈ പ്രശ്നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് വണ്‍പ്ലസ് കമ്പനി. പുതിയ ഡിസ്‌പ്ലെ സാങ്കേതികവിദ്യക്കായി വണ്‍പ്ലസ് ശ്രമങ്ങളിലാണ്. വണ്‍പ്ലസിന്‍റെ പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണില്‍ ഡിസ്‌പ്ലെ 2കെ റെസലൂഷനിലുള്ള പാനല്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. 120Hz ആയിരിക്കും റിഫ്രഷ് റേറ്റ്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റനസ് ഉറപ്പ് നല്‍കുന്ന പ്രോ എക്‌ഡിആര്‍ ഡിസ്പ്ലെയായിരിക്കും ഇനി മുതല്‍ വണ്‍പ്ലസ് ഫ്ലാഗ്‌ഷിപ്പില്‍ വരിക.

എന്താണ് ഫോണുകളിലെ ഗ്രീന്‍ ലൈന്‍ പ്രശ്‌നം?

വണ്‍പ്ലസ് ഫോണുകള്‍ക്ക് സംഭവിക്കുന്ന ഒരു ഹാര്‍ഡ്‌വെയര്‍ പ്രശ്നമാണ് ഗ്രീന്‍ ലൈന്‍. അമോല്‍ഡ് ഡിസ്‌പ്ലെയിലുള്ള ഫോണുകള്‍ക്കാണ് ഈ തകരാര്‍ സംഭവിക്കുക. പലപ്പോഴും വണ്‍പ്ലസ് ഫോണുകള്‍ അപ്ഡേറ്റ് ചെയ്ത ഉടനെ സ്ക്രീനില്‍ പല നിറങ്ങളിലുള്ള വരകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അപ്‌ഡേഷനുകള്‍ ഇല്ലാതെയും വരകള്‍ സംഭവിക്കാം. ഈ പ്രശ്നത്തിന് പരിഹാരമായി അമോല്‍ഡ് ഡിസ്‌പ്ലെകളില്‍ പുതിയ സുരക്ഷാ പാളി വണ്‍പ്ലസ് കൊണ്ടുവരും. ഇതിന് പുറമെ സ്ക്രീന്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ലൈഫ്ടൈം വാറണ്ടി പദ്ധതി അമോല്‍ഡ് ഡിസ്‌പ്ലെയിലുള്ള എല്ലാ ഫോണുകള്‍ക്കും നല്‍കാനും വണ്‍പ്ലസ് തീരുമാനിച്ചിട്ടുണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here