കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയുടെ വടക്കൻ കുവൈത്തിലെ പ്രവർത്തന മേഖലയിൽ അപകടം. പരിക്കേറ്റ രണ്ട് കരാർ ജീവനക്കാരെ ഉടൻ തന്നെ വൈദ്യ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. എന്നാൽ, ഒരു ജീവനക്കാരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. മറ്റൊരാളുടെ ആരോഗ്യനില ഗുരുതരമാണ്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നതെന്നും, ഇത് ഉൽപ്പാദന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ എമർജൻസി ടീമുകൾ ഉടൻ തന്നെ പ്രതികരിക്കുകയും അത്തരം സാഹചര്യങ്ങളിൽ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.