തുടർച്ചയായ 20-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം സൃഷ്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി പങ്കാളിത്ത വർദ്ധനവോടെ കുവൈറ്റിൽ വീണ്ടും ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ “നിറം 2024” ഡിസംബർ 20 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി LKG മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 3000-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു.ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാനും ബോർഡ് ഓഫ് ട്രൂസ്റ്റിയും ആയ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ പ്രിൻസിപ്പാൾ ഗംഗാധർ ഷിർഷാദ്, ഗോ-സ്‌കോർ ലേർണിംഗ് പ്രധിനിധി അമൽ ഹരിദാസ് എന്നിവർ ആശംസ പറഞ്ഞു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ്, മുൻ പ്രസിഡന്റ് ജെയ്സൺ ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ രാകേഷ് പി.ഡി എന്നിവർ സംസാരിച്ചു. ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, മുകുന്ദൻ പഴനിമല എന്നിവർ മത്സരം നിയന്ത്രിച്ചു. റിസൾട്ട് ഡിസംബർ 30-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. 2025 ജനുവരി 10-ആം തിയ്യതി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.
കല (ആർട്ട്) കുവൈറ്റ് “നിറം 2024” ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

