Google search engine

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്രസർക്കാർ. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു.

യാത്രക്കാർക്ക് കടുത്ത അപകടസാധ്യതകൾ സിറിയയിൽ നിലനിൽക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാർക്ക് +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം. സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതി​ഗതികൾ വിലയിരുത്തുകയാണെന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു.സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ, ടർക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. 2020-ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഭരണവിരുദ്ധ വിമതർ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് മുന്നേറുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്‌ച വടക്ക് ഹമാ നഗരം പിടിച്ചെടുത്ത ശേഷം, വിമതർ പ്രധാന ക്രോസ്റോഡ് നഗരമായ ഹോംസിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഹമയിലെ രണ്ട് വടക്കുകിഴക്കൻ ജില്ലകൾ വിമതരുടെ നിയന്ത്രണത്തിലാണ്. സെൻട്രൽ ജയിൽ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചതായും വിമതർ അവകാശപ്പെട്ടിട്ടുണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here